കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ വാതിലുകള്‍ ഇന്ത്യന്‍ ടീമിനുമുന്നിലും കൊട്ടിയടച്ച് ജിസിഡിഎ. ഈ മാസം 31ന് നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യതാമത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ വാര്‍ത്താസമ്മേളനവും ടീമിന്റെ പരിശീലനവും സെക്യൂരിറ്റി ഡിപ്പോസിറ്റ് അടച്ചില്ലെന്ന കാരണത്താല്‍ ജിസിഡിഎ തടഞ്ഞു.
കെഎഫ്എ ഉള്‍പ്പെടെ ഇടപെട്ടിട്ടും ജിസിഡിഎ വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്താനാകാതെ ഇന്ത്യന്‍ ടീം പരിശീലകന് ഖാലിദ് ജമീലും മലയാളികളായ ടീം അംഗങ്ങളും അവഹേളിതരായി മടങ്ങി.
ഇന്ത്യയും ഹോങ്കോംഗും തമ്മിലുള്ള അന്താരാഷ്ട്ര മത്സരമാണ് 31ന് കലൂര്‍ സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം ടീം മാനേജ്മെന്റു നടത്താന്‍ നിശ്ചയിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് മാധ്യമങ്ങളെയും ക്ഷണിച്ചിരുന്നു. ഇതുപ്രകാരം പത്രസമ്മേളനത്തിനെത്തിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന് ഖാലിദ് ജമീലിനെയും മാധ്യമപ്രവര്‍ത്തകരെയും ജിസിഡിഎ പ്രതിനിധികള്‍ പുറത്താക്കി. ഗ്രൗണ്ടില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനവും സുരക്ഷാജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പ്രധാനകവാടം താഴിട്ടുപൂട്ടുകയും ചെയ്തു.
മത്സരത്തിനു വാടകയായി മൂന്നു ലക്ഷം രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റായി 25 ലക്ഷം രൂപയുമാണ് മത്സരത്തിന് ആതിഥ്യം വഹിക്കുന്ന കേരള ഫുട്ബോള്‍ അസോസിയേഷനോടു സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ ആവശ്യപ്പെട്ടത്. ഈ തുക അടയ്ക്കാമെന്ന് കെഎഫ്എ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ നിശ്ചയിച്ച പത്രസമ്മേളനവും പരിശീലനവും നടത്തണമെങ്കില്‍ മുഴുവന്‍ തുകയും അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന പിടിവാശിയിലായിരുന്നു ജിസിഡിഎ. കെഎഫ്എ സാവകാശം ചോദിച്ചെങ്കിലും വഴങ്ങിയില്ല.
തര്‍ക്കത്തെത്തുടര്‍ന്ന് പരിശീലകന് ഖാലിദ് ജമീല്‍ കെഎഫ്എ ഓഫീസില്‍ ഏറെനേരം കാത്തിരുന്നു. ജിസിഡിഎ വഴങ്ങാതെ വന്നതോടെ തിരിച്ചുപോകുകയായിരുന്നു. അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് പത്രസമ്മേളനത്തില്‍ പങ്കെടുക്കേണ്ട ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങളായ ആഷിഖ് കുരുണിയന്, സഹല്‍ അബ്ദുസമദ്, ബിജോയ് വര്‍ഗീസ് എന്നിവരും സ്റ്റേഡിയത്തിലെത്താതെ പാതിവഴിയില്‍ ഹോട്ടലിലേക്കു മടങ്ങി. അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൗണ്ടിലാണു ടീം പരിശീലനം നടത്തിയത്.
നേരത്തേ വാടകയുടെ പേരില്‍ കേരള ബ്ലാസ്റ്റേഴ്സിനെയും ഉടമകളെയും സ്റ്റേഡിയത്തില്‍നിന്ന് ഇറക്കിവിട്ടിരുന്നു. ഇന്ത്യന്‍ പരിശീലകനെ അപമാനിച്ച സംഭവത്തില്‍ ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച് ജിസിഡിഎ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.